TOURING BOOK STALL(TBS)/ ELOOR LENDING LIBRARY/ BALAKRISHAN MARAR/ POORNA PUBLICATIONS
T B S (TOURING BOOKSTALL )
എഴുപതുകളിൽ പത്രങ്ങളിലൂടെ ആണ് ഈ പേര് കേട്ടത് . ഇതിനുപിന്നിലുള്ള ആളെക്കുറിച്ചു ഒരു പിടിയും ഇല്ലായിരുന്നു . വളർന്നുവരുന്ന ഒരു ബുക്ക് സ്റ്റാൾ . 1972 - 1974 കാലത്തു കൊല്ലം ഫാത്തിമയിൽ പ്രീ ഡിഗ്രി പഠിക്കുന്ന കാലത്തു 1973 ൽ മെയിൻ ബിൽഡിങ്ങിൽ എത്തി യപ്പോൾ ഒരുദിവസം ഗ്രൗണ്ടിൽ ടി ബി എസ് ന്റെ വാൻ കിടക്കുന്നതുകണ്ടു . അടുത്ത് ചെന്നു . ചുറ്റും നടന്നു . ജനാലയിലൂടെ അകത്തെ പുസ്തകങ്ങൾ കണ്ടു . അത്രമാത്രം. ഇത്രയേ ഉള്ളു എനിക്ക് ടി ബി എസ്സുമായുള്ള ബന്ധം അച്ഛന്റെ വിരമിക്കലിനുശേഷം 1978 ൽ ഉദ്യോഗമണ്ഡൽ ഏലൂരിൽ എത്തിയപ്പോൾ ഞങ്ങളുടെ നാടിന്റെ തന്നെ പേരിലുള്ള ലെൻഡിങ് ലൈബ്രറിയും, ടി ബി എസ്സിനെ പോലെ പേരെടുത്തുകൊണ്ടിരിക്കുകായായിരുന്നു (ELOOR LENDING LIBRARY). പ്രസ് ക്ലബ് റോഡിൽ തുടങ്ങിയ സ്റ്റാളിൽ അന്ന് പോയിട്ടുണ്ട് . ഇത് പച്ച പിടിച്ചു വരുകയായിരുന്നു . എന്തെങ്കിലും ഒന്ന് നന്നായി വരുന്നകാണുമ്പോൾ കുമിള് പോലെ പല എണ്ണം തുടങ്ങി എല്ലാം പൊട്ടുന്ന പതിവ് കാഴ്ചയാണല്ലോ കേരളത്തിൽ . ലെൻഡിങ് ലൈബ്രറികൾ ധാരാളം മുളച്ചുവരുകയും വാടിപോകുകയും ചെയ്തു. ഏലൂർ ലെൻഡിങ് ലൈബ്രറിയുടെ ആ സ്റ്റാൾ ഇപ്പോഴും പ്രസ് ക്ലബ് റോഡിൽ ഉണ്ടന്നാണ് തോന്നുന്നത് , പഴയപോലെ പേരില്ല എങ്കിലും. ടി ബി എസിന്റെ ബാലകൃഷ്‌ണ മാരാർജി ക്കു ആദരാഞ്ജലികൾ
മാരാർ സാറിനെ കുറിച്ച് കലാഗ്രാമം എഴുതിയ പോസ്റ്റ് താഴെ വായിക്കാം ,ഒപ്പം മാതൃഭൂമി എഴുതിയതും.
ടൂറിങ് ബുക്ക്‌സ്റ്റാള്‍ (ടി.ബി.എസ്) ഉടമ എന്‍.ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു 🌹 വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടായിരുന്നു അന്ത്യം. പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ ഉടമ കൂടിയായ ബാലകൃഷ്ണമാരാര്‍ മലയാള പുസ്തക പ്രസാധന മേഖലയിലെ അഭിമാന സ്തംഭമായിരുന്നു. 1932ല്‍ കണ്ണൂര്‍ ജില്ലയില്‍ തൃശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലില്‍ എടവലത്തു തറവാട്ടില്‍ മാരസ്യാരുടെയും മകനായാണ് ജനനം. ഒന്നര വയസ്സുള്ളപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. പിന്നീട് ഉപജീവനത്തിനായി കോഴിക്കോട്ടെത്തി. വീട്ടിലെ ദാരിദ്ര്യദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാര്‍ കോഴിക്കോട്ടെത്തിയത്. രാവിലെ പത്രവില്‍പ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവില്‍പ്പനയുമായി എല്ലായിടത്തുമെത്തി. ഇടയ്ക്ക് തഞ്ചാവൂരിലെ ഹോട്ടലില്‍ സപ്ലയറായും പെട്ടിക്കടക്കാരനായും ജീവിതവേഷം മാറി. വീണ്ടും കോഴിക്കോട്ടെത്തി കാല്‍നടയായി പുസ്തകവില്‍പ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഒരു സൈക്കിള്‍ സ്വന്തമാക്കിയത്. അമ്മയുടെ കമ്മല്‍ പണയംവെച്ച് കിട്ടിയ അറുപതുരൂപയ്ക്ക് വാങ്ങിയ സൈക്കിളില്‍ കോഴിക്കോടിന്റെ ഓരോ മുക്കിലുംമൂലയിലുമെത്തിയായിരുന്നു പുസ്തക വിൽപ്പന.കാല്‍നടയില്‍നിന്ന് സൈക്കിളിലേക്കും പത്ര, പുസ്തക വില്‍പ്പനയില്‍ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളര്‍ന്നു. 1958ല്‍ മിഠായിത്തെരുവില്‍ ഒറ്റമുറി കടയില്‍ ടി.ബി.എസ് പുസ്തകശാലയ്ക്ക് തുടക്കംകുറിച്ചു. 1966ല്‍ പുര്‍ണ പബ്ലിക്കേഷന്‍സിനും തുടക്കമിട്ടു. 1988ല്‍ ടിബിഎസ് മുതലക്കുളത്ത് ഇപ്പോഴുള്ള കെട്ടിടത്തിലേക്കും മാറി. പുസ്തകപ്രസാധനത്തില്‍ അനന്യമായൊരിടം നേടിയ ബാലകൃഷ്ണമാരാരുടെ ജീവിതത്തിന്റെ പര്യായമായിരുന്നു ടി.ബി.എസ് ബുക്സ്റ്റാള്‍ അഥവാ സഞ്ചരിക്കുന്ന പുസ്തകശാല. അക്ഷരങ്ങള്‍ അറിയുന്നവരെ അന്വേഷിച്ചുകൊണ്ടുള്ള യാത്രയില്‍ തെക്ക് ഫാറൂഖ് കോളേജ് വരെയും കിഴക്ക് മാവൂര്‍വരെയും വടക്ക് കൊയിലാണ്ടിവരെയും സൈക്കിള്‍ ചവിട്ടിയിരുന്നുവെന്ന് 'കണ്ണീരിന്റെ മാധുര്യം' എന്ന ആത്മകഥയില്‍ മാരാര്‍ രേഖപ്പെടുത്തിയിരുന്നത്. ടി.ബി.എസ് ബുക്സ്റ്റാള്‍, പൂര്‍ണ പബ്ലിക്കേഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളിലേക്ക് വളര്‍ന്നപ്പോഴും ലാളിത്യവും എളിമയും വിടാതെ, നറുചിരിയോടെ എല്ലാവരോടും സമഭാവനയോടെ ഇടപെട്ട വ്യക്തിയായിരുന്നു അദ്ദേഹം.
വായനക്കൂട്ടം (കലാഗ്രാമം ബുക്ക് ക്ലബ്ബ് )
ടൂറിങ് ബുക്‌സ്റ്റാൾ (സഞ്ചരിക്കുന്ന പുസ്തകശാല) എന്നത് എൻ.ഇ. ബാലകൃഷ്ണമാരാരുടെ ജീവിതത്തിന്റെ മറുപേരാകുന്നു. പുസ്തകങ്ങളുടെ ആ മനുഷ്യനും കാലവും ഇനി ഓർമ.... ...അക്ഷരമറിയാവുന്ന മലയാളികൾക്കുമുഴുവൻ പരിചിതൻ. അക്ഷരങ്ങൾകൊണ്ട് ജീവിതം പണിതയാൾ. പുസ്തകങ്ങളാൽ ദേശങ്ങൾ താണ്ടിയ ആൾ - ആ മനുഷ്യൻ ഇനിയില്ല. ഇത്തരത്തിലുള്ള എത്രയോ കഥകളുണ്ട് മാരാരെ പരിചയമുള്ളവർക്കു പറയാൻ. കുടുംബത്തിലെ ദാരിദ്ര്യദുഃഖത്തിന് പരിഹാരംതേടി കോഴിക്കോട്ടെത്തിയ ആറാംക്ലാസുകാരൻ, നടന്നും സൈക്കിളോടിച്ചും, പത്രവും പുസ്തകങ്ങളും വിറ്റും ജീവിതം കരുപ്പിടിപ്പിച്ച അദ്ഭുതകഥയാണ് അദ്ദേഹത്തിന്റേത്. അതെല്ലാം ‘കണ്ണീരിന്റെ മാധുര്യം’ എന്ന ആത്മകഥയിൽ ഒരു ചലച്ചിത്രത്തിലെന്നപോലെ കാട്ടിത്തരികയുംചെയ്തു അദ്ദേഹം. എക്സ്റേ ഫിലിം കഴുകിയ വെള്ളത്തിൽനിന്ന് വെള്ളി വേർതിരിച്ചെടുത്തും ച്യവനപ്രാശലേഹ്യം ഉണ്ടാക്കിയും അയ്യർവേഷത്തിൽ തഞ്ചാവൂരിൽ ഹോട്ടൽ സപ്ലൈയറായും പെട്ടിക്കടക്ക രനാ യും... അങ്ങനെ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ എത്രയെത്ര വേഷങ്ങൾ... നിഷ്ഠുരമായ തിരിച്ചടികളും അപമാനങ്ങളും നേരിട്ടപ്പോഴും പകയോ വൈരാഗ്യമോ മനസ്സിൽ സൂക്ഷിക്കാതെ, നിലാവിന്റെ വെണ്മയുള്ള നറുചിരിപൊഴിക്കാനുള്ള സിദ്ധിയോടെ എല്ലാം നേരിട്ടു. ‘കണ്ണീരെല്ലാം അകമേ, പുറമേ മധുരംമാത്രം’ എന്നതാണ് ആ ജീവിതം ബാക്കിയാക്കുന്ന പാഠം ...“കുട്ടീ, നിനക്ക് അച്ഛനുമമ്മയുമൊന്നുമില്ലേ? ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിനാണ്?” -എന്റെ പ്രായത്തിലുള്ള മക്കളുണ്ടായിരുന്ന സ്നേഹനിധികളായ അമ്മമാർ ചോദിച്ചിരുന്നത് ഇന്നും കാതുകളിൽ വന്നലയടിക്കുന്നതുപോലെത്തോന്നുന്നു. ചെറിയ രണ്ടുസഞ്ചികളിൽ പുസ്തകംനിറച്ച് തോളിൽ തൂക്കിയിടും. വലിയ രണ്ടുസഞ്ചികൾ കൈയിലും തൂക്കിപ്പിടിക്കും. ചുമൽ വേദനിക്കാതിരിക്കാൻ വലിയ കാർഡ് ബോർഡ് ഷർട്ടിന്റെ ഉള്ളിലാക്കി മടക്കിവെക്കും. ഈ സഞ്ചികളും ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങുമ്പോഴാണ് അമ്മമാരുടെ ചോദ്യം. സഹതാപാർദ്രമായ ഇത്തരം ചോദ്യങ്ങൾക്ക് മറുപടിനൽകാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്. ഞാൻ കഷ്ടപ്പെടുന്നത് എനിക്കുവേണ്ടിമാത്രമല്ല, അ..., അമ്മയും ഇളയസഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബത്തെ പോറ്റാനാണ് എന്ന് എങ്ങനെയാണ് അവരോടുപറയുക! (കണ്ണീരിന്റെ മാധുര്യം)
ടൂറിങ് ബുക്‌സ്റ്റാൾ എന്ന പേരുനൽകിയത...ടൂറിങ് ബുക്‌സ്റ്റാൾ എന്ന പേരുനൽകിയത് കവി ആർ. രാമചന്ദ്രനാണ്. ഇംഗ്ലീഷ് പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിലും അവ വരുത്തിക്കുന്നതിലുമെല്ലാം അദ്ദേഹത്തിന്റെ മാർഗനിർദേശം വെറും ആറാംക്ലാസുകാരനായ തനിക്ക് എത്രത്തോളം പ്രധാനമായിരുന്നെന്ന് കൃതജ്ഞതാഭാരത്തോടെ മാരാർ ആത്മകഥയിൽ സ്മരിക്കുന്നുണ്ട്. രാമചന്ദ്രൻ മാഷിന്റെ തളിയിലെ വീട്ടിൽ ട്യൂഷൻ മുറിയിലെ ബെഞ്ചിൽ രാത്രി തലചായ്ച്ചിരുന്ന നാളുകൾ. ഒരുദിവസം രാവിലെ സൈക്കിളിൽ പുസ്തകവിൽപ്പനയ്ക്കിറങ്ങുമ്പോൾ രാമചന്ദ്രൻ മാഷിന്റെ നിർദേശം: “കൈയിൽ പണമുണ്ടെങ്കിൽ ഒരു കോസടിയും തലയണയും വാങ്ങിക്കൊണ്ടുവരണം.” രാത്രി അവയുമായെത്തി മാഷിനെ ഏൽപ്പിച്ചു. “ഇനി ഇതുകൊണ്ടുപോയി ബെഞ്ചിൽ വിരിച്ചു കിടക്കൂ. മാരാർക്കുവേണ്ടിത്തന്നെയാണ് ഇതുവാങ്ങാൻ ആവശ്യപ്പെട്ടത്.” തനിക്കായിരുന്നെങ്കിൽ വാങ്ങില്ലായിരുന്നെന്ന് പറഞ്ഞപ്പോൾ, ‘അക്കാര്യം അറിയാവുന്നതുകൊണ്ടാണ് ആർക്കുവേണ്ടിയെന്ന് വെളിപ്പെടുത്താതിരുന്നത്’ എന്ന് മാഷിന്റെ നറുപുഞ്ചിരിയോടെയുള്ള മറുപടി. ടൂറിങ് ബുക്‌സ്റ്റാൾ സൈക്കിളിൽനിന്ന് പിന്നീട് ലോകമെങ്ങും വ്യാപിച്ചു. ഏത് പുസ്തകവും ലോകത്തെവിടെനിന്നും എത്തിച്ചും വായനക്കാരെ കണ്ടുപിടിച്ച് വായിപ്പിച്ചുമാണ് മാരാരുടെ ജീവിതവും പുസ്തകലോകവും വളർന്നത്. ഏതുയരത്തിലും സമഭാവനയോടെയും നറുപുഞ്ചിരിയോടെയും ആളുകളുടെ സ്നേഹവും വിശ്വാസവും നേടാനുള്ള സിദ്ധി അദ്ദേഹം കൈവിട്ടില്ല. കാൽനടയായിച്ചെന്ന് വായനക്കാരെ കണ്ടെത്തിയ മാരാർ പിന്നീട് എഴുത്തുകാരെ കണ്ടെത്തിയ പ്രസാധകനുമായത് ചരിത്രം. പൂർണ പബ്ലിക്കേഷൻസിന്റെയും ടി.ബി.എസ്. ബുക്‌സ്റ്റാളിന്റെയും പ്രശസ്തി മലയാളികളുള്ളിടത്തേക്കെല്ലാം വ്യാപിച്ചശേഷവും അദ്ദേഹത്തിന്റെ ശിരസ്സ് വിനയത്താൽ നമ്രമായിത്തന്നെ തുടർന്നു. “നല്ല വിദ്യാഭ്യാസമുള്ളവരോ ബുദ്ധിജീവികളോ മാത്രമേ പുസ്തകങ്ങളിൽ തത്പരരായിരിക്കൂ എന്ന സങ്കല്പം ഒട്ടും ശരിയല്ല. പുസ്തകങ്ങൾ വാങ്ങുന്നതിനും വായിക്കുന്നതിനും പ്രായം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസ്ഥിതി തുടങ്ങിയവയൊന്നുംതന്നെ തടസ്സമാവുന്നില്ലെന്നാണ് പുസ്തകവിൽപ്പനയുമായി ഊരുചുറ്റിയതിൽനിന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. എല്ലാവരും വായനക്കാരായിരിക്കുമെന്നല്ല ഞാനുദ്ദേശിക്കുന്നത്. പുസ്തകം വാങ്ങുന്നവരെല്ലാം നല്ല വായനക്കാരായിരിക്കുമെന്നും കരുതുന്നില്ല. എന്നാൽ, എല്ലാ വിഭാഗത്തിലും യഥാർഥപുസ്തകപ്രേമികലുണ്ടെന്നാണ് എൻ്റെ വിശ്വാസം .MATHRUBHUMI WEEKEND 16.10.2022
Comments
Post a Comment